ചെന്നൈ: ഹൈക്കോടതി ജഡ്ജിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത അഭിഭാഷക ദമ്പതികളെ വക്കീല്‍ വൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ജഡ്ജിയുടെ കാര്‍ഡ്രൈവറുമായി ഇവര്‍ തര്‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് ഇരുവര്‍ക്കും ബാർ കൗൺസിൽ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

ജൂലൈ 30 നാണ് സംഭവം. തിരുമതി എല്‍.ശിഖ സര്‍മതനും കാറോടിച്ചിരുന്ന ഭര്‍ത്താവ് എസ്.ഷാഹുല്‍ ഹമീദിനുമെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

തമിഴ്‌നാട് ബാര്‍ കൗണ്‍സിലാണ് സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടത്. രാജ്യത്തിനുള്ളിലെ കോടതികളിലോ  ട്രിബ്യൂണലുകളിലോ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഉത്തരവ് നല്‍കിയത്. നിയമവ്യവസ്ഥയേയും ന്യായാധിപന്‍മാരേയും ബഹുമാനിക്കാന്‍ സാധാരണ പൗരന്മാര്‍ക്ക് മാതൃകയാകേണ്ടവര്‍ തന്നെ അതിനെതിരെ പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. 

ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് അഭിഭാഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ അഡ്വക്കേറ്റ്‌സ് ആക്ട് അനുസരിച്ചുള്ള അന്വേഷണം നേരിടേണ്ടി വരുമെന്ന് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.