സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018-ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.
സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ഏര്‍പ്പെടുന്ന സേനാവിഭാഗങ്ങളില്‍ ഉള്ളവരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നത്. എന്നാല്‍, 2018-ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2018-ല്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ആയതിനാല്‍, അതില്‍ വ്യക്തത വരുത്തേണ്ടത് ഭരണഘടനാ ബെഞ്ച് ആണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് 2018-ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമായി തുടരുമെങ്കിലും അത് ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ വിധി.
Content Highlights: Adultery Law: Centre moves to Supreme Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..