ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനെ മമതാ കോണ്‍ഗ്രസ് ആക്കി മാറ്റാനാണ് മമതയുടെ ശ്രമം എന്ന് അദ്ദേഹം ആരോപിച്ചു. 

ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അസം, ഗോവ, മേഘാലയ പോലുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു ചൗധരിയുടെ പ്രതികരണം. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ചും ആകര്‍ഷിച്ചും കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്(എം) ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ചൗധരി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതിലൂടെ മോദിയുടെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമായി മമത മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തില്‍ മമത കുഴപ്പങ്ങളുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എയില്‍ മമതയ്ക്ക് മന്ത്രിപദം ലഭിച്ചു. ഇപ്പോള്‍ അതേ വ്യക്തി, തന്റെ രാഷ്ട്രീയതാല്‍പചര്യത്തിനു വേണ്ടി കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തുകയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. 

content highlights: adhir ranjan choudhary criticises mamata banerjee