ദ്രൗപദി മുർമു, അധീർ രഞ്ജൻ ചൗധരി. photo: PTI
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.
രാഷ്ട്രപതിയെ അപമാനിക്കുക എന്നത് തനിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. നാക്കുപിഴ മൂലം ഒരു തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരമാര്‍ശത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചോളു, എന്നാല്‍ ഈ വിഷയത്തിലേക്ക് ബിജെപി നേതാക്കള്‍ അനാവശ്യമായി സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. ഇരുസഭകളലും വലിയ പ്രതിഷേധവും നടന്നു.
Content Highlights: Adhir Chowdhury says will apologise to President for 'rashtrapatni' remark


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..