ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ വ്യക്തത നല്‍കി ആര്‍ബിഐ വിശദീകരണം നല്‍കിയത്. 2017 ജൂണ്‍ ഒന്നിനിറക്കിയ ഗസ്റ്റില്‍ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നകാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആര്‍ബിഐ പറഞ്ഞിരിക്കുന്നത്. 

2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഭേദഗതി പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന്‌ റിസര്‍വ് ബാങ്ക് പറയുന്നു. ഭേദഗതി പ്രകാരം ബാങ്കുകള്‍  അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ആര്‍ബിഐ പറയുന്നു. 

കഴിഞ്ഞ ജൂണില്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിനൊ, 50,000 രൂപയ്ക്ക് മുകളിലുള്ള പണകൈമാറ്റത്തിനോ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31 മുമ്പ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.