ന്യൂഡല്‍ഹി:  വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കും. നിലവില്‍ ബാങ്ക് അക്കൗണ്ട് അടക്കമുള്ളവ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 ആണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നില്‍ വന്നത്. ഇതിലെല്ലാം വാദം പൂര്‍ത്തിയായി. കേസില്‍ ജനുവരി 17-ന് അന്തിമ വാദം കേള്‍ക്കും. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ബഞ്ചാണ് ജനുവരി 17-ന് അന്തിമ വാദം കേള്‍ക്കുക. വാദത്തിനിടെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 31-വരെ നീട്ടിയതായി സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു ഇതിന്റെ അവസാന തീയ്യതി. ഇന്നലെയായിരുന്നു ഇവയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചത്. എന്നാല്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതിയായി ഫെബ്രുവരി ആറ് തന്നെയായിരിക്കും.

ആധാര്‍ നിര്‍ബന്ധമാക്കിയതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേകം ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്നായിരുന്നു ആദ്യം കോടതി പറഞ്ഞിരുന്നത്. സ്വകാര്യത എന്നത് മൗലികാവകാശമാണെന്ന വിധി വന്നതോടെ ആധാര്‍ സ്വകാര്യതാ ലംഘനത്തിന് ഇടയാക്കുമെന്ന് വാദിച്ചുകൊണ്ട് പരാതിക്കാര്‍ രംഗത്തു വരികയായിരുന്നു. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഒരു സേവനവും നിഷേധിച്ചിട്ടില്ലെന്നും മാര്‍ച്ച് 31 വരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ആരോപിച്ചാണ് ആധാറിനെ ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിന് അടക്കം സി.ബി.എസ്.ഇ ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്രത്തിന്റെ വാദത്തെ ചോദ്യംചെയ്തുകൊണ്ട് പരാതിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.