ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായാണിത്.   

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് യുകെ ആസ്ഥാനമായ ആസ്ട്രസെനക്ക  നോട്ടീസ് അയച്ചിരുന്നു. കാലതാമസത്തിന് കാരണം അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണെന്ന് പൂനവാല വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ഥനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യ വാക്‌സിന്‍ ക്ഷാമം നേരിടുന്ന റിപ്പോര്‍ട്ടുകള്‍ സമീപ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പും യുഎസും അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് രാജ്യത്തെ വാക്‌സിന്‍ ഉല്പാദനത്തെ ബാധിച്ചതായി പൂനവാല ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

'ഇന്ത്യയിലെയും ലോകത്തെയും വിവിധ ഭാഗങ്ങളിലെയും വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യമായ നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയാണ് നിങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യുഎസില്‍ നേരിട്ട് പോയി പ്രതിഷേധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഇവ ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടതാണ്. ആറുമാസമോ, ഒരുവര്‍ഷമോ കഴിഞ്ഞ് വേണ്ടതല്ല, കാരണം അപ്പോഴേക്കും മറ്റുവിതരണക്കാരെ ഏര്‍പ്പാടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.' പൂനവാല പറഞ്ഞു.  

ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഉപയോഗത്തിന് പുറമേ വിദേശ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 

ഒരുമാസം 6-6.5 കോടി കോവിഷീല്‍ഡ് വാക്‌സിനാണ് സിറം  ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്നത്. 2021 ജൂണ്‍ മാസമാകുന്നതോടെ ഇത് 10-11 കോടിയായി ഉയര്‍ത്തതാനാണ് ലക്ഷ്യം.

Content Highlights:Adar Poonawalla requests US to lift the ban on raw material export