ദിലീപ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത. വിസ്തരിക്കേണ്ടത് ആരോയെക്കെയാണെന്ന് ഹൈക്കോടതിയോ, സുപ്രീംകോടതിയോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റിസ് കെ.കെ. മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചു.
അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആണ്, ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരില്‍ വിസ്തരിക്കേണ്ട സാക്ഷികള്‍ ആരൊക്കെയാണെന്ന് പ്രതികള്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇനി വിസ്തരിക്കണെമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെടുന്ന പലരും കേസില്‍ അപ്രസക്തമാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യുഷന് സാധിക്കും.
പ്രതികളുടെ അഭിഭാഷകരുടെ ദൈര്‍ഘ്യമേറിയ ക്രോസ് വിസ്താരങ്ങള്‍ ഉണ്ടെങ്കിലും, 30 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പകരം ഹര്‍ജി ഇനി പരിഗണിക്കുന്ന മാര്‍ച്ച് 24-ന് വിചാരണ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കൈമാറാന്‍ വിചാരണ കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന് പ്രോസിക്യുഷനും, പ്രതികളും സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി വേണമെന്നായിരുന്നു വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം.
Content Highlights: actress attacked case survivor says in supreme court says dileep may not determine witnesses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..