ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനതെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ജസ്റ്റിസ് ദിനേശ് മഹേശ്വരിയാണ് ബെഞ്ചിലെ മറ്റൊരു അംഗം.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ അതോ കേസിന്റെ ഭാഗമായ രേഖയാണോ എന്നതിനെ കുറിച്ച് കോടതിയില്‍ വിശദമായ വാദം നടന്നിരുന്നു. ഇത് രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ രേഖയാണെന്നും അതുള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. 

രേഖയാണ് എന്നതിനാല്‍ നിയമപ്രകാരം തനിക്ക് അതില്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ ചോരുമെന്ന ആശങ്കയുണ്ടെങ്കില്‍ നിബന്ധനകളോടെ ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസിലെ സുപ്രധാന രേഖയായ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ട് എന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ദിലീപിന് വേണ്ടി ഹാജര്‍ ആയ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചിരുന്നു.

എന്നാല്‍ മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ കൂടി ദിലീപിന് നല്‍കരുതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

സ്വൈരജീവിതം നയിക്കാന്‍ തനിക്ക് അജ്ഞാതയായി തുടരണമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണ്. എന്നാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ആകരുത് അത്.  ദിലീപിനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ പകര്‍പ്പ് കൈമാറരുത് എന്നും നടി ആവശ്യപ്പെട്ടിരുന്നു.

content highlights: actress attack case, supreme court verdict on dileep's memory card demand on friday