ദിലീപ് | ഫയൽ ചിത്രം : പിഎം. അജിത് മാതൃഭൂമി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ്സ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന് മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ നിലപാട്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതാണെന്നും അതിനാല്‍ ജഡ്ജിയെ മാറ്റിയാല്‍ ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരുമെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.
കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മെയ് 29 നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കേസുമായി ബന്ധപെട്ട് ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി. ഇതിനിടെ വിചാരണ നടപടികള്‍ മെയ് 29നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 30 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈകോടതിക്ക് കത്ത് നല്കി. ഈ ആവശ്യം പരിഗണിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 2021 വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കുന്നതായി. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ വിചാരണ കോടതിക്കെതിരേ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്കുന്ന സൂചന.
content highlights: Actress attack case, Dileep in Supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..