ന്യൂഡല്‍ഹി:  നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. 

എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. 

ഇതേതുടര്‍ന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. വിചാരണ സ്‌റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ തീരുമാനം ആകുന്നതുവരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗവുമായി ധാരണയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ സ്‌റ്റേ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. ജൂലൈ മൂന്നാം വാരമാണ് വേനലവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും തുറക്കുക. ഈ സമയത്ത് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും.

Content Highlights: Actress Abduction Case trial Stayed by Supreme Court