റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർറാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കോടതിയിലേക്ക് കൊണ്ടുപോകുന്നു.| ഫയൽ ചിത്രം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ അക്രമസംഭവങ്ങളിലെ പ്രതി ദീപ് സിദ്ദുവിനേയും മറ്റൊരു പ്രതിയായ ഇഖ്ബാല്‍ സിങിനേയും ഡല്‍ഹി പോലീസ് ചെങ്കോട്ടയിലെത്തിച്ചു. ചെങ്കോട്ടയിൽ ഉണ്ടായ സംഭവങ്ങള്‍ പുനരാവിഷ്ക്കരിക്കാനാണ് ഇരുവരേയും സംഭവസ്ഥലത്ത് എത്തിച്ചത്.
ട്രാക്ടര്‍ റാലി ദിവസം ചെങ്കോട്ടയില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നാലെ 'മാസ്റ്റര്‍ ബ്രെയിന്‍' ദീപ് സിദ്ദുവാണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദീപ് സിദ്ദുവിനെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ വിഭാഗം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നാണ് ഇഖ്ബാല്‍ സിങിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചെങ്കോട്ടയിലെ അതിക്രമവും കൊടി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ദീപ് സിദ്ദു, ജുഗ്രാജ് സിങ്, ഗുര്‍ജോത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവര്‍ ഒളിവിലായിരുന്നു. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഇഖ്ബാല്‍ സിങ്, ഭൂട്ടാ സിഭ്, സുഖ്‌ദേവ് സിങ്. ജാജ്ബിര്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കുമെന്ന് ഡല്‍ഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.
ദീപ് സിദ്ദു, ഇഖ്ബാല്‍ സിങ്, സുഖ്‌ദേവ് സിങ് എന്നിവരെയാണ് നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ആണ് ദീപ് സിദ്ദുവിനേയും ഇഖ്ബാല്‍ സിങ്ങിനേയും ചെങ്കോട്ടയിലെത്തിച്ചത്. ട്രാക്ടര്‍ റാലി ചെങ്കോട്ടയിലേക്ക് തിരിച്ചുവിട്ട വഴി, അക്രമസംഭവങ്ങള്‍ എങ്ങനെയാണ് ആരംഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..