ചെന്നൈ: അച്ഛൻ പറഞ്ഞിട്ടും വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിന്റെ പേരിൽ അച്ഛനോട് തെറ്റുകയാണ് ചെയ്തത്. എന്നിട്ടും തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഇളയദളപതി. സംസ്ഥാനത്തെ തദ്ദേശ  സ്ഥാപനങ്ങളിലേയ്ക്ക് തടന്ന തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം. ഒമ്പത് ജില്ലകളിലായി 169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകര്‍ വിജയിച്ചുകയറിയത്. 

ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ മത്സരിച്ചത്. രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിലല്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലാണ് ഇവരുടെ വിജയം. എന്നാല്‍ വിജയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയിന്റെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് നടന്നില്ല. ഇതിന്റെപേരില്‍ ഇരുവരും ഇപ്പോഴും അകല്‍ച്ചയിലാണ്. തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഇതിനിടെയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയത്. ആരാധക സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തന്റെ ചിത്രവും ആരാധക സംഘടനയുടെ കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനുമുള്ള അനുമതിയാണ് നല്‍കിയത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരാധക സംഘടന മത്സരത്തിന് ഇറങ്ങിയതെന്നാണ് സൂചന.

Content Highlights: Actor Vijay’s Quasi-Political Outfit Makes Surprise Gains in Tamil Nadu Local Body Polls