വിദ്യാനഗർ നെലക്കള ആൺകുട്ടികളുടെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ താമസക്കാർ, ഉണ്ണിരാജ്
കാസർകോട്: വിദ്യാനഗർ നെലക്കള പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ആൺകുട്ടികളുടെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ താമസക്കാർ കാത്തിരിപ്പിലാണ്. മലയാളസിനിമയിലെ 'അഖിലേഷേട്ട'നൊപ്പം കൂടാനുള്ള ഒരുക്കത്തിലാണ് 45 കുട്ടികളും ജീവനക്കാരും. മുഖ്യാതിഥിയായും ഉദ്ഘാടകനായുമൊക്കെ എത്തിയിരുന്ന നടൻ ഉണ്ണിരാജ് ഇനി ഇവിടേക്ക് വരുന്നത് ഹോസ്റ്റലിലെ ജോലിക്കാരനായാണ്. ഇതറിഞ്ഞതുമുതൽ എല്ലാവരും ആവേശത്തിലാണ്.
ആദ്യമായാണ് ഉണ്ണിരാജ് ഈ ഹോസ്റ്റലിലേക്ക് വരുന്നത്. അദ്ദേഹത്തിന് സ്വീകരണം കൊടുക്കണമെന്നും ബാനറും കട്ടൗട്ടുമൊക്കെ വെച്ച് ആഘോഷമാക്കണമെന്നും ചിലർ. എന്നാൽ അദ്ദേഹം ജോലിക്ക് വരുന്നതാണെന്നും അതിനെ വലിയ സംഭവമാക്കേണ്ടെന്നും മറുപക്ഷം. രണ്ട് ദിവസമായി ഇവിടത്തെ പ്രധാന ചർച്ച ഉണ്ണിരാജ് തന്നെയാണെന്ന് ഹോസ്റ്റലിലെ സ്റ്റ്യുവാർഡായ (മേൽനോട്ടക്കാരൻ) പയ്യന്നൂർ കാങ്കോലിലെ സി.വി. ധനേഷ് പറയുന്നു. ഹോസ്റ്റൽമുറ്റം വൃത്തിയാക്കിയും കാട് വെട്ടിത്തെളിച്ചുമുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
ജോലിക്കുള്ള ഉത്തരവ് കിട്ടുന്നതിന് മുൻപ് ഏറ്റുപോയ കാര്യങ്ങൾ ചെയ്തുതീർത്ത് 15-നുശേഷം ഇവിടെ ജോലിക്ക് ഹാജരാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉണ്ണിരാജ് പറഞ്ഞു.
ആദ്യ സെലിബ്രിറ്റി ജോലിക്കാരൻ
ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിറങ്ങിയശേഷം പ്രശസ്തരായവർ ഒട്ടേറെയുണ്ട്. സംവിധായകനായ പ്രശോഭ് ബാലൻ, സംഗീതസംവിധായകൻ ജയകാർത്തി തുടങ്ങിയവർ ഇവിടെ താമസിച്ച് പഠിച്ചവരാണ്. എന്നാൽ ഇവിടേക്ക് സെലിബ്രിറ്റിയായ ഒരു ജോലിക്കാരൻ എത്തുന്നത് ആദ്യമായാണ്.
ഇതിനു മുൻപ് ഈ തസ്തികയിലുണ്ടായിരുന്നത് കാസർകോട്ടുകാരനായ അബ്ദുൾ മജീദാണ്. മൂന്നുമാസം മുൻപ് ആരോഗ്യവകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് ഈ തസ്തികയിൽ ഒഴിവുവന്നത്. 37 വർഷമായി ഈ ഹോസ്റ്റൽ തുടങ്ങിയിട്ട്.
പലരും പല തസ്തികയിലും ഇവിടെ ജോലിചെയ്തിട്ടുണ്ട്. പലരേയുമിപ്പോൾ ഓർമിക്കുന്നുപോലുണ്ടാവില്ല. എന്നാൽ അവർക്കാർക്കും കിട്ടാത്തൊരു ഭാഗ്യമാണ് ഉണ്ണിരാജിന് ലഭിച്ചിരിക്കുന്നത്. ഉണ്ണിരാജിന്റെ അയൽവാസിയും ഹോസ്റ്റലിൽ പാചകക്കാരനുമായ കരിച്ചേരി സുനിൽകുമാർ പറയുന്നു.
Content Highlights: Actor Unni Raj posted as scavenger in Kasaragod - students ready to welcome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..