ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദീപ് സിദ്ദുവിന് ജാമ്യം. ശനിയാഴ്ച ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഒളിവില്‍ പോയ സിദ്ദുവിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 

സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിദ്ദു സമരത്തില്‍ പങ്കെടുത്തതെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം സിദ്ദു ജനക്കൂട്ടത്തെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിന് തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

സംഘര്‍ഷത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ സിദ്ദുവാണെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നത്.

content highlights: Actor Deep Sidhu, Accused In Red Fort Violence On Republic Day, Gets Bail