ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍  ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റാഞ്ചിയില്‍ നിന്നാണ് 83-കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ തനിക്കെതിരെയുള്ള ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു.

സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ മാറ്റിവെച്ചയാളാണ് സ്റ്റാന്‍ സ്വാമിയെന്ന് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞു.

അതുകൊണ്ടാണ് മോദി ഭരണകൂടം അവരെ അടിച്ചമര്‍ത്താനും നിശബ്ദമാക്കാനും ശ്രമിക്കുന്നത്; കാരണം ആദിവാസികളുടെ ജീവിതത്തേക്കാളും ഉപജീവനത്തേക്കാളും മുന്‍ഗണന ഈ ഭരണകൂടം ഖനന കമ്പനികളുടെ ലാഭത്തിന്  നല്‍കുന്നുവെന്നും ഗുഹ പറഞ്ഞു.

ഭീമ കൊറേഗാവ് കേസില്‍ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും രണ്ടുവര്‍ഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണ് സ്റ്റാന്‍ സ്വാമി. കേസില്‍ തടങ്കലിലാക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയുമാണദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.സ്റ്റാന്‍ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlights: Activist Stan Swamy, 83, Arrested By NIA In Koregaon-Bhima Case