ബെംഗളൂരു: ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ബെംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പെയ്‌നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവി (21) എന്ന യുവപരിസ്ഥിതി പ്രവര്‍ത്തകയെ ആണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്.

കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ പങ്കുവെച്ച ടൂള്‍ കിറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. സംഭവത്തില്‍ ഫെബ്രുവരി 4നാണ് പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ കര്‍ഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റ് ത്യുന്‍ബെയുടെ ട്വീറ്റിലൂടെയാണ്. 

കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പോലീസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു. 

Content Highlights: Activist, 21, Arrested From Bengaluru In Greta Thunberg "Toolkit" Case