ഛണ്ഡിഗഢ്:  ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പ്രതികൂലമായ കോടതിവിധിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അക്രമം നടന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ സിംഗ് വിശകലനം ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഘര്‍ഷങ്ങളെ അപലപിച്ചു.

അതേസമയം നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. ജനങ്ങള്‍ ജാഗരൂഗരായിരിക്കണമെന്നും ഖട്ടാര്‍ നിര്‍ദ്ദേശിച്ചു. ആരും നിയമത്തിനതീതരല്ല. ജനങ്ങള്‍ അഭ്യൂഹങ്ങള്‍ വിശ്വസിച്ച് ആക്രമങ്ങളില്‍ പങ്ക് ചേരരുത്. ക്രിമിനല്‍ ഉദ്ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആള്‍ദൈവം രാം റഹീം സിങിനെതിരായ വിധി പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. റെയില്‍വേ സ്റ്റേഷനും ട്രെയിനിനും പെട്രോള്‍ പമ്പുകള്‍ക്കും ബസ്സുകള്‍ക്കും തീയിട്ടു കൊണ്ടുള്ള ദേര സച്ച സൗദ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനം കത്തിയെരിയുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനം. 

സംഘര്‍ഷം ശക്തമാവുന്നതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ സൈന്യത്തെ വിന്യസിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ മൂന്നിടങ്ങില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഹരിയാ അഡീഷണല്‍ ചീഫ് സെക്രട്ടറി രാം നിവാസ് വ്യക്തമാക്കി. ആക്രമികളെ തിരിച്ചറിഞ്ഞു, തെളിവുകളായി വീഡിയോ ദൃശ്യങ്ങള്‍ ഉണ്ട്, ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചകുളയിലെ ആയിരത്തോളം ദേര സച്ച സൗദ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കോടതി പരാമര്‍ശത്തിനു പിന്നാലെ ഡല്‍ഹിയിലും വ്യാപക ആക്രമണമാണ് നടന്നത്. രേവ എക്‌സപ്രസിന്റെ രണ്ട് കോച്ചുകള്‍ക്ക് പ്രവര്‍ത്തകര്‍ തീയിട്ടു. ലോണിയില്‍ രണ്ട് ബസുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മുസാഫര്‍നഗറിലും ബാഗ്പട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നയന്ത്രണവിധേയമായതായി ഡല്‍ഹി പോലീസ് പിആര്‍ഒ മധുല്‍ വര്‍മ്മ പ്രതികരിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഖലയില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലും ദേര പ്രവര്‍ത്തകര്‍ പവര്‍ സബ് സ്റ്റേഷന് തീയിട്ടു. പോലീസ് സ്‌റ്റേഷന് നേരെയും ആക്രമണം നടന്നിട്ടുണ്ട്.