ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് ആരോപണം. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ദീപ് സിദ്ദുവിനെ തള്ളി കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തി. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
ആരാണ് ദീപ് സിദ്ദു?
നടനും മോഡലുമായ ദീപ് സിദ്ദു പഞ്ചാബ് സ്വദേശിയാണ്. 2015ലാണ് ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എങ്കിലും 2018ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനികളിലൊരാള്‍ ദീപ് സിദ്ദുവായിരുന്നു. ചെങ്കോട്ടയിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി അടുത്ത ബന്ധമില്ലെന്ന് വിശദീകരിച്ച് സണ്ണി ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.
കര്‍ഷക പ്രതിഷേധങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ സെപ്തംബറിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് സംവദിച്ചു. അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിര്‍ത്ത് ചില കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. ദീപ് സിദ്ദുവിന് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പവും നില്‍ക്കുന്ന ചിത്രവും അവര്‍ പുറത്തുവിട്ടു. എന്നാല്‍ ആ ആരോപണവും ദീപ് സിദ്ദു നിഷേധിച്ചു.
This is Deep Sidhu with Modi & Shah. He led the mob at Red Fort today & unfurled the Sikh religious flag there pic.twitter.com/dX9bQjAIim
— Prashant Bhushan (@pbhushan1) January 26, 2021
ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിരിക്കുന്നത്.
Content Highlights: Accused of instigating farmers at Red Fort, who is Deep Sidhu?