ന്യൂഡൽഹി: നിയമസഭാ അംഗങ്ങള്‍ക്ക് ക്രിമിനല്‍ നിയമത്തില്‍ പ്രത്യേക പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതി. മറ്റ് പൗരന്മാരെ പോലെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ തന്നെയാണ് ജനപ്രനിധികളെന്നും നിയമസഭാ കയ്യാങ്കളി കേസിലെ സര്‍ക്കാര്‍ അപ്പീല്‍ തള്ളി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനല്‍ നിയമങ്ങളില്‍നിന്ന് പരിരക്ഷ ആവശ്യപ്പെടുന്നത് നിയമനിര്‍മ്മാണ സഭകളുടെ വിശ്വാസ്യതയോടുള്ള വഞ്ചനയാണെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്‌. എന്നാല്‍, പൊതുമുതല്‍ നശിപ്പിച്ച്, ബജറ്റ് അവതരണം തടസ്സപ്പെടുത്തികൊണ്ട് പ്രതിഷേധിക്കാനുള്ള അവകാശം അംഗങ്ങള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭയരഹിതമായി നിയമസഭാ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നതിനാണ് പരിരക്ഷയെന്ന്‌ കോടതി വ്യക്തമാക്കി. പരിരക്ഷ സ്റ്റാറ്റസ് അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

നിയമസഭാ അംഗങ്ങളെന്ന നിലയിലുള്ള പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അത്തരം പരിരക്ഷ പ്രതികള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യുട്ടര്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യുട്ടറുടെ അപേക്ഷ തള്ളിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി

ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ നപടികള്‍ക്ക് സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി ക്രിമിനല്‍ നടപടി ചട്ടത്തില്‍ കേരളം വരുത്തിയിട്ടില്ലെന്ന്‌ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭേദഗതി കൊണ്ടുവന്ന മഹാരാഷ്ട്രയില്‍ പോലും ഔദ്യോഗിക കടമകള്‍ നിര്‍വ്വഹിക്കുന്നതിനിടെ ഉണ്ടാകുന്ന കേസ്സുകളില്‍ മാത്രമാണ് സ്പീക്കറുടെ പ്രോസിക്യുഷന്‍ അനുമതി ആവശ്യമായി വരുന്നത്. നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളെ  പ്രോസിക്യൂട്ട് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭ ഇലക്ട്രോണിക് റെക്കോര്‍ഡ് മുറിയില്‍നിന്ന് ദൃശ്യങ്ങള്‍ പൊലീസിന് എടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രിയെ കയ്യാങ്കളി കേസിലെ പ്രതികളായവര്‍ തടഞ്ഞതായി വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കയ്യാങ്കളിയിലേക്ക് നീണ്ടത് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധം എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Accused must face trial, no exemptions for MLAs in Kerala assemby ruckus case