കൊല്‍ക്കത്ത: തന്റെ കാര്‍ അപകടത്തില്‍പ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് അമിതാഭ് ബച്ചന്‍ രംഗത്ത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരത്തില്‍ യാതൊരു വിധ അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ച്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ മേഴ്‌സിഡസ്‌ കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിച്ചെന്നും രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.