അപകടത്തിന്റെ ലൈവ് കാണുമ്പോൾ പിതാവ് അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അതെന്ന്


2 min read
Read later
Print
Share

പന്ത്രണ്ടോടെ ഓൺലൈൻ ചാനലിൽ കുളക്കടയിൽ നടന്ന അപകടത്തിന്റെ ലൈവ് സംപ്രേഷണം കാണുമ്പോൾ കൃഷ്ണൻകുട്ടി അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന്. ഒന്നോടെ പോലീസിന്റെ ഫോൺ വിളിയെത്തുമ്പോഴാണ് ബിനീഷും അഞ്ജുവുമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയുന്നത്.

ബിനീഷിന്റെയും അഞ്ജുവിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ അച്ഛൻ കൃഷ്ണൻകുട്ടി അന്ത്യാഞ്ജലിയേകുന്നു, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച ബിനീഷും ഭാര്യ അഞ്ജുവും മകൾ ശ്രീക്കുട്ടിക്കൊപ്പം പിറന്നാളാഘോഷവേളയിൽ എടുത്ത ചിത്രം

കൊട്ടാരക്കര: ശ്രീക്കുട്ടിയുടെ ജീവനുവേണ്ടി പ്രാർഥിക്കുകയാണ് പള്ളിക്കൽ ഗ്രാമം ഒന്നാകെ. കഴിഞ്ഞദിവസം കുളക്കടയിൽ എം.സി.റോഡിൽ അപകടത്തിൽ മരിച്ച പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷിന്റെയും അഞ്ജുവിന്റെയും മകളാണ് ശ്രേയ എന്ന ശ്രീക്കുട്ടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് ഈ മൂന്നുവയസ്സുകാരി.

എറണാകുളത്തുള്ള സഹോദരി പാർവതിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഞായറാഴ്ചയാണ് ബിനീഷും കുടുംബവും പോയത്. പുനലൂരിലെ അഞ്ജുവിന്റെ വീട്ടിലായിരുന്ന ശ്രീക്കുട്ടിയെ അവിടെയെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പാർവതിയുടെ പ്രസവസംബന്ധ ശുശ്രൂഷകൾക്കായി ബിനീഷിന്റെ അമ്മ ഉഷ എറണാകുളത്തായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവർ നാട്ടിലേക്കുതിരിച്ചത്. എറണാകുളത്തുനിന്നു കിട്ടിയ ചെന്തെങ്ങിന്റെ തൈ ഉൾപ്പെടെ കാറിൽ കരുതിയുള്ള യാത്ര കുളക്കടവരെയേ എത്തിയുള്ളൂ. രാത്രി പതിനൊന്നരയ്ക്ക് അച്ഛൻ കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിഞ്ഞിരുന്നു.

പന്ത്രണ്ടോടെ ഓൺലൈൻ ചാനലിൽ കുളക്കടയിൽ നടന്ന അപകടത്തിന്റെ ലൈവ് സംപ്രേഷണം കാണുമ്പോൾ കൃഷ്ണൻകുട്ടി അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന്. ഒന്നോടെ പോലീസിന്റെ ഫോൺ വിളിയെത്തുമ്പോഴാണ് ബിനീഷും അഞ്ജുവുമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയുന്നത്. ബിനീഷ് ഓട്ടോമൊബൈൽ എൻജിനീയറായി തിരുനെൽവേലിയിൽ ജോലിക്കുകയറിയിട്ട് ഒരാഴ്ച കഴിയുന്നതേയുള്ളൂ. ചൊവ്വാഴ്ച പുലർച്ചെ ജോലിസ്ഥലത്തേക്ക് പോകേണ്ടതുമായിരുന്നു.

കുളക്കടയിലെ കാർ അപകടത്തിൽ മരിച്ചത് പള്ളിക്കൽ സ്വദേശികളായ ദമ്പതിമാർ; മൂന്നുവയസ്സുകാരി മകൾക്ക് ഗുരുതര പരിക്ക്

പുത്തൂർ: എം.സി.റോഡിൽ കുളക്കടയിൽ കാറുകൾ കൂട്ടിമുട്ടി മരിച്ചത് കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ദമ്പതിമാർ. തിരുനെൽവേലിയിലെ സ്വകാര്യ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായ പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (34), ഭാര്യ എ.ജി.അഞ്ജു (30) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രേയ(മൂന്നുവയസ്സ്)യെ ഗുരുതരപരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ എം.സി.റോഡിൽ കുളക്കട ഭാനുവിലാസം എൻ.എസ്.എസ്. കരയോഗമന്ദിരത്തിനു മുന്നിലായിരുന്നു സംഭവം.

എറണാകുളത്ത് സഹോദരിയുടെ കുഞ്ഞിനെക്കാണാൻ പോയതിനുശേഷം പള്ളിക്കലിലെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ എതിർദിശയിൽവന്ന കാർ ഇവർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് സംഭവസ്ഥലത്തുനിന്നു ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തെറിച്ചുപോയ കാർ സമീപത്തെ കരയോഗമന്ദിരത്തിന്റെ മതിലും ഇടിച്ചുതകർത്തു. ഇതിനുള്ളിൽ കുടുങ്ങിപ്പോയവരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

അഞ്ജുവിനെയും ശ്രേയയെയും ആദ്യം പുറത്തെടുത്ത് അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ അഞ്ജുവിനെ രക്ഷിക്കാനായില്ല. പിന്നീട് അരമണിക്കൂറിലേറെ സമയം അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവിങ് സീറ്റിൽനിന്നു ബിനീഷിനെ പുറത്തെടുത്തത്.

അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ അടൂർ ആശുപത്രിയിലെത്തിച്ചെങ്കിലും അധികംതാമസിയാതെ ബിനീഷും മരണത്തിനുകീഴടങ്ങി.

മൂന്നുപേരും കാറിന്റെ മുൻസീറ്റിലായിരുന്നെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ പറഞ്ഞത്.

അടൂർ ചൂരക്കോട് ഷിബുഭവനിൽ അരവിന്ദ് സന്തോഷ് (24) ആണ് ഇടിച്ചുകയറിയ കാർ ഓടിച്ചിരുന്നത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൂർമുക്കിൽ സുഹൃത്തിനെ കൊണ്ടുവിട്ടശേഷം മടങ്ങിവരികയായിരുന്നെന്നാണ് ഇയാൾ പോലീസിനുനൽകിയ മൊഴി. പ്രവാസിയായിരുന്ന ബിനീഷ് നാലുമാസംമുമ്പാണ് നാട്ടിലെത്തിയത്. അച്ഛൻ: കൃഷ്ണൻകുട്ടി. അമ്മ: ഉഷ. സഹോദരി: പാർവതി.

കണ്ണീർമഴയായി അന്ത്യാഞ്ജലി...

കൊട്ടാരക്കര: എം.സി.റോഡിൽ വാഹനാപകടത്തിൽ മരിച്ച ബിനീഷിനും ഭാര്യ അഞ്ജുവിനും അന്ത്യാഞ്ജലിയേകാൻ നാടൊന്നാകെ എത്തി. ചൊവ്വാഴ്ച രാവിലെമുതൽ പെയ്യാൻ വെമ്പിനിൽക്കുന്ന കാർമേഘംപോലെ വിങ്ങിയ ഗ്രാമം ഇരുവരുടെയും മൃതദേഹങ്ങൾ എത്തിയതോടെ കണ്ണീർമഴയായി.

വീടിന്റെ ചെറുമുറ്റത്ത് പന്തലിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ജനക്കൂട്ടം. ബന്ധുക്കളുടെയും അയൽവാസികളുടെയും നിലവിളികളിൽ ഗ്രാമത്തിന്റെ ഹൃദയം നുറുങ്ങി. വൈകീട്ട് നാലോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്.

അടൂർ താലൂക്കാശുപത്രി മോർച്ചറിയിൽനിന്നു ബിനീഷിന്റെ മൃതദേഹവും കൊട്ടാരക്കര താലൂക്കാശുപത്രിയിൽനിന്നു അഞ്ജുവിന്റെ മൃതദേഹവും ഒരുമിച്ചാണ് വീട്ടിലെത്തിച്ചത്. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും സ്വരുക്കൂട്ടിയ വീടിനുമുന്നിൽ യൗവനം മങ്ങുംമുമ്പേ ചേതനയറ്റവർ കിടന്നു. കണ്ണീർപ്രണാമങ്ങളേകി നാട് അവർക്കു ചുറ്റുമൊഴുകി. ഒന്നിച്ചുജീവിച്ച്‌ ഒന്നിച്ചുയാത്രയായ ഇരുവരും ഒരേ ചിതയിൽ എരിഞ്ഞൊടുങ്ങുമ്പോൾ തോരാത്ത കണ്ണീരുമായി ഗ്രാമം അന്ത്യാഞ്ജലിയേകി.

Content Highlights: accident in kottarakkara

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tejashwi Yadav On Bihar Bridge Collapse

1 min

'പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തതാണ്'; വിശദീകരണവുമായി തേജസ്വി യാദവ്‌

Jun 5, 2023


Goods Train

1 min

ട്രെയിനിന് അടിയിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മഴ നനയാതിരിക്കാൻ തീവണ്ടിക്കടിയിൽ ഇരുന്നവർ

Jun 7, 2023


air india

റഷ്യയില്‍ ഇറക്കിയ എയര്‍ഇന്ത്യ വിമാനം ഒറ്റപ്പെട്ട പ്രദേശത്ത്, ഭക്ഷണം അടക്കമുള്ളവ എത്തിക്കാന്‍ നീക്കം

Jun 7, 2023

Most Commented