മുംബൈ: പ്രിയങ്കാ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദത്തിലെത്തിയതില്‍ പ്രതികരണവുമായി ബി.ജെ.പി സഖ്യകക്ഷി ശിവസേന. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം താന്‍ പ്രതീക്ഷിച്ചിരുന്നതായി ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. 

മൂന്നുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കോണ്‍ഗ്രസിന്റെ 'അച്ഛേ ദിന്‍' വന്നു. അന്നു മുതല്‍ എനിക്കു തോന്നിയിരുന്നു പ്രിയങ്ക ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്- സഞ്ജയ് കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി എടുത്ത നല്ല തീരുമാനമാണിത്.  രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ഈ രാജ്യത്ത് എല്ലായ്പ്പോഴുമുണ്ടാകും. കോണ്‍ഗ്രസ് അതില്‍നിന്ന് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

2014 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പിനെ തനിച്ചാണ് നേരിട്ടത്. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കണത്തിനുള്ള കേവലഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. തുടര്‍ന്ന് ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.

Content highlights: Acche Din have come for congress says bjp ally shivsena, acche din , priyanka gandhi, shivsena