ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ വര്‍ധിച്ച തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് 'ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്'എന്ന സമീപനം ശക്തമായി പിന്‍തുടരാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി. 

കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഇടങ്ങളില്‍ പരമാവധി ഡോസ് വാക്‌സിന്‍ നല്‍കണം. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുകയും ചെയ്യണം.

കോവിഡ് പരിശോധനയുടെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുറവ് കാണപ്പെടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇത്‌ മറ്റു സംസ്ഥാനങ്ങള്‍ക്കുകൂടി ഭീഷണിയുയര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ നടപടികള്‍ കാര്യക്ഷമമാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Accelerate vaccination, testing, Centre tells states witnessing spike in cases, Covid 19