പനജി: കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ റെയ്ഡ്. 2013ലെ അനധികൃത സ്വത്തുസമ്പാദന കേസിലാണ് റെയ്ഡ്. കാവ്‌ലേക്കറുടെ വീട്ടിലും ഓഫീസിലും റെയ്ഡ്‌നടത്തി. 

ഗോവ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന സമയത്ത് കേരളത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയതടക്കമുള്ള കാര്യങ്ങളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് കാവ്‌ലേക്കര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് റെയ്ഡ് നടപടികള്‍ നടത്തുന്നതെന്ന് എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേ സമയം കാവ്‌ലേക്കര്‍ക്കെതിരായ നടപടിയിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോവ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ശാന്തറാം നായിക് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് ചാടിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമാണിത്. ഇതിനായി പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളേയും ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു .വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളില്‍ ഈ സമയത്തുണ്ടായ നടപടി സംശയാസ്പദമാണെന്നും നായിക് പറഞ്ഞു.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗോവ സര്‍ക്കാരാണ് 2013ല്‍ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.  പ്രാഥമിക അന്വഷണത്തില്‍ കാവ്‌ലേക്കര്‍ 32.5 കോടിയുടെ തോട്ടം വാങ്ങിയെന്നാണ് കണ്ടെത്തിയത്‌.