കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള 600ല്‍ അധികം വിദ്യാഭ്യാസ വിദഗ്ധരും പണ്ഡിതരും കത്തെഴുതി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവരോട് ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. 

അക്രമത്തേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ട കൊലപാതകങ്ങള്‍ നടപ്പാക്കിയെന്ന് ബിജെപി ആരോപിച്ചപ്പോള്‍, ബിജെപി സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. 

"നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരായ വോട്ട് ചെയ്തവരെയാണ് അവര്‍ ലക്ഷ്യമിട്ടത്. അവരില്‍ പലരും ടിഎംസിയുടെ പിന്തുണയുള്ളവരുടെ ആക്രമണത്തിന് ഇരയായി. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും ജീവനോപായങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു." - പ്രസ്താവനയില്‍ പറഞ്ഞു. 

ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ കൊല്ലപ്പെട്ടുവെന്നും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയന്ന് അസം, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ അയല്‍ സംസ്ഥാനങ്ങളിലേക്ക് ആയിരങ്ങള്‍ പലായനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍, വൈസ് ചാന്‍സലര്‍മാര്‍, ഡയറക്ടര്‍മാര്‍, ഡീന്‍മാര്‍ തുടങ്ങിയവര്‍ കത്തയച്ചത്. പോലീസ്, പ്രാദേശിക ഭരണകൂടം, ജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ കുറ്റവാളികളുമായി കൈകോര്‍ത്തതായും അവര്‍ ആരോപിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായി വോട്ട് രേഖപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ ബംഗാളിലെ ഭരണകക്ഷിയുടെ വിരോധത്തിന് പാത്രമായ ജനതയെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ഉത്കണ്ഠാകുലരാണെന്നും കത്തിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങളെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്നും കത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Academicians sign joint letter seeking probe into post-poll 'violence' in Bengal