വാരണാസി (യു.പി): വാരാണസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ മുഴുവന്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യു(ഐ). എബിവിപിയെ തറപറ്റിച്ചാണ് എന്‍എസ്‌യുഐയുടെ മിന്നുന്ന വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ് വാരാണസി.

എബിവിപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനമൊന്നും നടത്തേണ്ടെന്ന് വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. രാജാറാം മിശ്ര നിര്‍ദ്ദേശിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണിത്. പോലീസ് സംരക്ഷണത്തിലാണ് വിജയിച്ച എന്‍എസ്‌യുഐ സ്ഥാനാര്‍ഥികള്‍ വീടുകളിലേക്ക് പോയത്.

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 50.82 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. എബിവിപിയുടെ ഹര്‍ഷിദ് പാണ്ഡെയെ പരാജയപ്പെടുത്തി എന്‍എസ്‌യുഐയുടെ ശിവം ശുക്ല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി. ചന്ദ്രകുമാര്‍ മിശ്രയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവ്‌നിഷ് പാണ്ഡെ ജനറല്‍ സെക്രട്ടറിയും രജനികാന്ത് ദുബെ ലൈബ്രറിയനായും തിരഞ്ഞെടുക്കപ്പെട്ടു.

വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍എസ്‌യുഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹര്‍ഷിദ് പാണ്ഡെയ്ക്ക് 224 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Content highlights: ABVP losses all seats in Varanasi Sanskrit University