ഭോപ്പാല്‍: മനേക ഗാന്ധി എം.പി.തന്റെ പാര്‍ട്ടിയില്‍ നിന്നുളള വ്യക്തിയാണെന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ. അജയ് വിഷ്‌ണോയി. മൃഗഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാസിക്കുകയും ചെയ്യുന്ന മനേകാ ഗാന്ധിയുടെ ഫോണ്‍കോളിന്റെ ശബ്ദരേഖ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ അഭിപ്രായപ്രകടനം. 

ഒരു നായയുടെ ശസ്ത്രക്രിയ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ ആഗ്രയിലെ മൃഗഡോക്ടർ എന്‍.എല്‍.ഗുപ്തയെ മനേകാ ഗാന്ധി ഫോണില്‍ വിളിച്ച് ശാസിക്കുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. 

മധ്യപ്രദേശിലെ ജബല്‍പുരിലുളള നാനാജി ദേശ്മുഖ് വെറ്റിറനറി സയന്‍സ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും മേനക ഗാന്ധിക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇക്കാര്യത്തില്‍ എം.പി.ക്കെതിരേ പരസ്യ പ്രതികരണവുമായി എം.എല്‍.എ. രംഗത്തെത്തിയത്. 

'ബിജെപി എംപി മേനക ഗാന്ധി മൃഗ ഡോക്ടറോട് സംസാരിച്ചപ്പോള്‍ ഉപയോഗിച്ച വാക്കുകള്‍ ജബല്‍പുരിലെ വെറ്റിറിനറി കോളേജ് മോശമാണെന്നല്ല മറിച്ച് എം.പി.എത്ര മോശക്കാരിയാണെന്നാണ് തെളിയിക്കുന്നത്. അവര്‍ എന്റെ പാര്‍ട്ടിയുടെ എം.പി.യാണെന്നതില്‍(നേതാവല്ല) ഞാന്‍ ലജ്ജിക്കുന്നു.'എം.എല്‍.എ. അജയ് വിഷ്‌ണോയി പറഞ്ഞു. എം.പി.യുടെ ഭാഷയെ ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷനും അപലപിച്ചിരുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖയിലെ സ്ത്രീ ശബ്ദം ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും വ്യക്തമാണ്. ഡോക്ടറോട് നായയുടെ ഉടമയില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചുനല്‍കാനും ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്. 

'നായയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജൂണ്‍ 21നാണ് എനിക്ക് എം.പി.മനേക ഗാന്ധിയുടെ ഫോണ്‍കോള്‍ വരുന്നത്. നഷ്ടപരിഹാരമായി നായയുടെ ഉടമസ്ഥന്  70,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും അല്ലെങ്കില്‍ എന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് പറയുകയും ചെയ്തപ്പോള്‍ ഞെട്ടിപ്പോയി. എന്റെ തൊഴിലിനെയും പിതാവിനെയും എന്റെ യോഗ്യതയെയും അപമാനിച്ചതിന് പുറമേ, അവര്‍ വളരെ അസഭ്യമായ ഭാഷയാണ് ഉപയോഗിച്ചത്. ' ഡോ.ഗുപ്ത വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം നായയെ പരിചരിക്കേണ്ടതിനെ കുറിച്ച് ഉടമസ്ഥനുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ നായയ്ക്ക് വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു. വിവാദത്തില്‍ മനേക ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

Content Highlights:Abusive phone call controversy; BJP MLA against Maneka Gandhi