ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദനീയമായ കാലയളവ്‌ ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കി. ഇനിമുതല്‍ ആറ് മാസം (24 ആഴ്ച) വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന ബില്ലിനാണ് (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി അമന്‍ഡ്‌മെന്റ് ബില്‍ 2020) കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയത്. പുതിയ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.

പുതിയ തീരുമാനം ഏറെ പുരോഗമനപരമായ പരിഷ്‌കാരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 20 ആഴ്ച വരെയായിരുന്നു ഇതുവരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിച്ചിരുന്ന കാലയളവ്. എന്നാല്‍ ഇത് ഉയര്‍ത്തണമെന്ന ആവശ്യം സ്ത്രീകളില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് കാലയളവ് ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി. 

ഗര്‍ഭകാലത്ത് പലരിലും 20 ആഴ്ചകള്‍ക്ക് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങളും ഗര്‍ഭസ്ഥശിശുവിന്റെ പാകപ്പിഴകളും കണ്ടെത്താറുള്ളത്. അതിനാല്‍കൂടിയാണ് കാലയളവ് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും ഗര്‍ഭം തുടരണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗര്‍ഭച്ഛിദ്രം നടത്താന്‍ കാലയളവ് നിശ്ചയിച്ചതിനെ ചോദ്യംചെയ്ത് നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി ഉന്നയിച്ചവരും സമയപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 26 ആഴ്ചയാക്കി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

Content Highlights: abortion to be allowed at 24 weeks, cabinet approved new bill