ന്യൂഡല്‍ഹി: പാഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുമായി തനിക്കോ കുടുംബാഗങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ബി.ജെ.പിയും എന്‍.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഗീതാഞ്ജലി ഗ്രൂപ്പുമായോ നീരവ് മോദിയുടെ കമ്പനികളുമായോ യാതൊരു ബന്ധവുമില്ല. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നീരവ് മോദിയുടെ സ്ഥാപനം വാടകയ്‌ക്കെടുത്തിരുന്നു. എന്നാല്‍, വാടക കരാര്‍ 2017 ഡിസംബറില്‍ അവസാനിച്ചു. ഇപ്പോള്‍ ഗീതാഞ്ജലി ഗ്രൂപ്പുമായോ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണലുമായോ നീരവ് മോദിയുടെ സ്ഥാപനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും അഭിഷേക് സിങ്‌വി വ്യക്തമാക്കി.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനും സിങ്‌വിക്കുമെതിരെ ആരോപണം ഉന്നയിച്ചത്. മനു അഭിഷേക് സിങ്‌വിയുടെ ഭാര്യ അനിത സിങ്‌വി ഡയറക്ടറായ കമ്പനിയുടെ കെട്ടിടത്തില്‍ നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഷേക് സിങ്‌വി രംഗത്തെത്തിയത്.