ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ ഭാര്യ അനിത സിങ്‌വിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ നീരവ് മോദിയുടെ സ്ഥാപനത്തില്‍നിന്ന് ആറുകോടിയുടെ ആഭരണങ്ങള്‍ വാങ്ങിയതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍, ആദായ നികുതി വകുപ്പിന്റെ ആരോപണം അഭിഷേക് സിങ്‌വി തള്ളി. പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീരവ് മോദിയുടെ സ്ഥാപനത്തില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയപ്പോള്‍ എത്രതുക പണമായി നല്‍കിയെന്നും എത്രതുകയുടെ ചെക്ക് നല്‍കിയെന്നും വിശദീകരിക്കണമെന്നാണ് ആദായ നികുതി വകുപ്പ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 1.5 കോടിരൂപയുടെ ചെക്ക് നല്‍കിയും 4.8 കോടിരൂപ പണമായി നല്‍കിയുമാണ് ആഭരണങ്ങള്‍ വാങ്ങിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനമെന്ന് പിടിഐ റിപ്പോര്‍ട്ടുചെയ്തു.

ഗീതാഞ്ജലി ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാരായ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ആരാഞ്ഞിട്ടുള്ളത്. ആദായ നകുതി വകുപ്പിന്റെ നോട്ടീസിന് നിയമാനുസൃതം മറുപടി നല്‍കുമെന്ന് അഭിഷേക് സിങ്‌വി പ്രതികരിച്ചു.

നീരവ് മോദിയുടെ ഫയര്‍‌സ്റ്റോണ്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കുന്നത് സിങ്‌വിയുടെ ഭാര്യ ഡയറക്ടറായ അദ്വൈത് ഹോള്‍ഡിങ്‌സിന്റെ സ്ഥാപനത്തിലാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച അഭിഷേക് സിങ്‌വി പ്രതിരോധ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിങ്‌വിയുടെ ഭാര്യയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.