കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ നേതാവിന്റെ ത്രിപുര സന്ദര്‍ശനത്തിനിടെയാണ് ആക്രമണമുണ്ടായത്. പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചു. 

ബിജെപി ഭരണത്തിന് കീഴില്‍ ത്രിപുരയിലെ  ജനാധിപത്യമെന്ന്‌ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. സംഭവത്തില്‍ പരിഹാസരൂപേണെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.

അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി തൃണമൂല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2023-ല്‍ നടക്കുന്ന ത്രുപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപിഎസി സംഘത്തെ ത്രിപുര പോലീസ് ദിവസങ്ങള്‍ക്ക് തടഞ്ഞുവെച്ചിരുന്നു. തൃണമൂലിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്ത് പകരാനാണ് ഇവര്‍ ത്രിപുരയിലെത്തിയിരുന്നത്. ഇതിന് പിന്നാലെ തൃണമൂല്‍ എംപിമാര്‍ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായിരുന്നു.