ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജിയെ ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യല്‍ ഒൻപത് മണിക്കൂറിലധികം നീണ്ടു.

ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഇ.ഡിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിനായി ഹാജരായ അഭിഷേക് ബാനര്‍ജിയെ രാത്രി എട്ടു മണിക്കാണ് വിട്ടയച്ചത്. 

'ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഏജന്‍സി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്, ഞാന്‍ അവരുമായി പൂര്‍ണമായും സഹകരിക്കും,' ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അഭിഷേക് ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന രണ്ട് കമ്പനികളുടെ നിയമവിരുദ്ധ ഇടപാടുകളെപ്പറ്റിയും ചോദിച്ചറിഞ്ഞെന്നും അവര്‍ പറഞ്ഞു. 

അസന്‍സോളിലും സമീപ പ്രദേശങ്ങളിലുമുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതി ആരോപിച്ച് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 2020 നവംബറില്‍ ഇ.ഡി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്.

തനിക്ക് നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ടെന്ന് ഏതെങ്കിലും കേന്ദ്ര ഏജന്‍സി തെളിയിച്ചാല്‍ സ്വയം തൂക്കിലേറുമെന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഭിഷേക് പറഞ്ഞിരുന്നു. 

പശ്ചിമ ബംഗാളിലെ പ്രാദേശിക കല്‍ക്കരി ഓപ്പറേറ്ററായ ലാല എന്ന അനുപ് മാജി ആണ് കേസിലെ മുഖ്യപ്രതി. ഈ നിയമവിരുദ്ധ കച്ചവടത്തില്‍ നിന്ന് ലഭിച്ച കോടികളുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് അഭിഷേക് ബാനര്‍ജി എന്നാണ് ഇഡി അവകാശപ്പെടുന്നത്. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹത്തിന്റെ ഭാര്യ രുചിരയെയും ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഏജന്‍സി നോട്ടീസ് കൊടുത്തിരുന്നു. പക്ഷേ നിലവിലുള്ള കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി അവര്‍ ഹാജരായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ഉപയോഗിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. 

Content Highlights: Abhishek banarje questioned for 9 hours by enforcement directorate