ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. 

ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും. വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. 

വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണവേളയില്‍ ഫൈറ്റര്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ നല്‍കിയ സേവനത്തിനാണ് മിന്റിക്ക് പുരസ്‌കാരം ലഭിച്ചത്. 

രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാന്തര ബഹുമതിയായി കീര്‍ത്തി ചക്ര പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് സൈനികര്‍ക്ക് ശൗര്യ ചക്ര പ്രഖ്യാപിച്ചിട്ടുണ്ട്.ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തരബഹുമതിയായാണ് ശൗര്യ ചക്ര നല്‍കുന്നത്. 

2019 ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് പാകിസ്താനിലെ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമയുദ്ധമുണ്ടായി. 

ഫെബ്രുവരി 27ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവെച്ചിട്ടു. എന്നാല്‍ അഭിനന്ദന്‍ പറത്തിയിരുന്ന യുദ്ധവിമാനം പാകിസ്താന്‍ വെടിവെച്ചിട്ടതോടെ അദ്ദേഹം പാകിസ്താന്റെ പിടിയിലായി. 

തുടര്‍ന്ന് ഇന്ത്യന്‍ ശ്രമങ്ങളുടെയും ആഗോളസമ്മര്‍ദ്ദത്തിന്റെയും ഭാഗമായി മൂന്നുദിവസത്തിനു ശേഷം പാകിസ്താന്‍ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയച്ചു. അറുപത് മണിക്കൂറാണ് അഭിനന്ദന് പാകിസ്താന്റെ പിടിയില്‍ കഴിയേണ്ടിവന്നത്. 

content highlights: abhinandan varthaman to be awarded with vir chakra