ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ മാനസിക പീഡനം നേരിട്ടെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വെളിപ്പെടുത്തല്‍. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ. പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

മിഗ് വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരികെയെത്തിയത്. അറുപത് മണിക്കൂറോളം പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനായ അഭിനന്ദനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. 

അതിനിടെ, വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന അഭിനന്ദന്‍ എയര്‍ഫോഴ്സ് ഓഫീസേഴ്സ് മെസ്സിലായിരിക്കും തങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlights: abhinandan varthaman says he went through lot of mental harassment in pak custody