abhinandan varthamanജയ്പുര്‍: പാക് പിടിയിൽ നിന്ന് മോചിതനായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍. ശനിയാഴ്ച വര്‍ത്തമാന്‍ ജോലിയില്‍ പ്രവേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം ഇന്ത്യന്‍ വ്യോമസേന അഭിനന്ദന്റെ പോസ്റ്റിങ്ങിനെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. എല്ലാ പ്രതിരോധ നിയമനങ്ങളും രഹസ്യസ്വഭാവമുള്ളതാണെന്നും സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ഒരു വിവരം അഭിനന്ദന്‍ രാജസ്ഥാനില്‍ നിയമിതനായെന്നുമാണ്. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താനാകില്ലെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. 

ഫെബ്രുവരി പതിനാലിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. ഫെബ്രുവരി 27നായിരുന്നു ഇത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് അറുപതു മണിക്കൂര്‍ പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു. 

ഇതാദ്യമായല്ല വര്‍ത്തമാന്‍ രാജസ്ഥാനില്‍ നിയമിതനാകുന്നത്. മുമ്പ് ബിക്കാനീറിലെ എയര്‍ ബേസിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 

content highlights: Abhinandan varthaman posted to airforce base in rajastan