ന്യൂഡല്‍ഹി: വ്യോമസേനാദിന പരേഡില്‍ മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങള്‍ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. 

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ബേസില്‍ നടന്ന വ്യോമസേനാദിന പരേഡിലാണ് മൂന്ന് മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെട്ട അഭ്യാസപ്രകടനങ്ങള്‍ക്ക് അഭിനന്ദന്‍ നേതൃത്വം നല്‍കിയത്. 

അഭിനന്ദനെ കൂടാതെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ സൗമിത്ര തമസ്‌കാര്‍, ഹേമന്ത് കുമാര്‍ എന്നിവരും വ്യോമസേനാദിന പരേഡില്‍ പങ്കെടുത്തു. മൂന്ന് ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെട്ട അഭ്യാസപ്രകടനത്തില്‍ സൗമിത്ര പങ്കാളിയായി. മൂന്ന് മിറാഷ് 2000 യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനത്തിന് ഹേമന്ത് കുമാര്‍ നേതൃത്വം നല്‍കി. 

വ്യോമസേനാ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ ആയിരുന്നു 87-ാമത് വ്യോമസേനാദിന  പരിപാടികളുടെ മുഖ്യാതിഥി. കരസേനാ മേധാവി ബിപിന്‍ റാവത്ത്, നാവികസേനാ മേധാവി കരംബീര്‍ സിങ് എന്നിവരും പരേഡ് കാണാനെത്തിയിരുന്നു. 

ബാലാകോട്ട് വ്യോമാക്രണത്തില്‍ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു. ഫെബ്രുവരി 27ന് പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ മാര്‍ച്ച് ഒന്നിനാണ് മോചിതനായത്. 

content highlights: abhinandan varthaman leads mig 21 bison formation in airforce day parade