ന്യൂഡല്‍ഹി:  ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ത്തമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കിയേക്കും. അഭിനന്ദന്‍ വര്‍ത്തമാന് പുറമെ ബാലകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കിയേക്കും.

അഭിനന്ദന്‍ വര്‍ത്തമാന് രാജ്യം നല്‍കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ വീര ചക്രയാകും നല്‍കുകയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര. നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്. 

പാകിസ്താനിലെ ബാലകോട്ട് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത വ്യോമസേനാ അഞ്ച് വ്യോമസേനാ പൈലറ്റുമാര്‍ക്ക് വായൂസേനാ മെഡലാകും നല്‍കുക.  അഭിനന്ദന്‍ വര്‍ത്തമാനും മറ്റ് വ്യോമസേനാ പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ  പാകിസ്താന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി.

Content Highlights:  the five Mirage-2000 fighter aces who dropped bombs on the terror facility of the Jaish-e-Mohammed, the Vayu Sena Medal for gallantry