ന്യൂഡൽഹി: സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി തള്ളിയത്. 

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുമായി സൗഹൃദമുണ്ട് എന്ന കാരണത്താല്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍ കുറ്റകാരനാണെന്ന് കരുതാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ സുഹൃത്തായെന്നത് കൊണ്ട് അവര്‍ ചെയ്യുന്ന കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫാദര്‍ ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധിയെ ഹൈകോടതിയും ശരി വച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 4.30ന് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ കോണ്‍വെന്റില്‍ കണ്ടുവെന്ന് ദൃക്‌സാക്ഷി അടയ്ക്ക രാജു വിചാരണ കോടതില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടയ്ക്ക രാജു മോഷണ കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള വ്യക്തിയല്ലേ എന്ന് കോടതി ആരാഞ്ഞു. സാക്ഷി പറയാന്‍ അടയ്ക്ക രാജു പണം കൈപറ്റിയെന്ന ആരോപണമില്ലേ എന്നും ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

1992 ആണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 2009 ല്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ വിചാരണ ആരംഭിക്കുന്നത് സമീപകാലത്താണ്. ഫാദര്‍ ജോസ് പുതൃക്കയലിന് എതിരായ ഹര്‍ജിയില്‍ ഇപ്പോള്‍ നോട്ടീസ് അയച്ചാല്‍ കേസിലെ വിചാരണ തടസ്സപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തടസ്സപെടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

content highlights: Abhaya case Fr Jose poothrikkayil exempted