അജയ് കോഠിയാൽ കെജ്രിവാളിനൊപ്പം | Photo : PTI
ഡെഹ്റാഡൂണ്‍: ഫെബ്രുവരിയില്‍ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അജയ് കോഠിയാല്‍ ബുധനാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍, പ്രബുദ്ധവ്യക്തികള്, വനിതകള്‍, യുവാക്കള്‍ എന്നിവരുടെ വികാരം കണക്കിലെടുത്ത് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് എ.എ.പി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിനെഴുതിയ കത്തില്‍ അജയ് കോഠിയാല്‍ വ്യക്തമാക്കി.
2021 ഏപ്രിലിലാണ് കോഠിയാല്‍ എ.എ.പിയില്‍ അംഗമായത്. 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരകാശിയില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. സൈനികസേവനത്തില്‍നിന്ന് വിരമിച്ച ശേഷം യുവജനവികസനം ലക്ഷ്യമാക്കി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ കോഠിയാലിന് ലഭിച്ചിട്ടുണ്ട്.
രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഉത്തരാഖണ്ഡിലെ നെഹ്റു മൗണ്ടെയ്നീയറിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രിന്‍സിപ്പലായിരുന്നു. സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാല്‍ പ്രതിരോധസേനകളിലേക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.
തിരഞ്ഞെടുപ്പില്‍ നിരാശാജനകമായ പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ എ.എ.പി. സംസ്ഥാനഘടകവും 13 ജില്ലാ ഘടകങ്ങളും കെജ് രിവാള്‍ പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഴുപതംഗസഭയിലേക്കുള്ള ഒറ്റ സീറ്റില്‍ പോലും എ.എ.പിയ്ക്ക് വിജയം നേടാനായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..