ന്യൂഡല്‍ഹി:  ട്വിറ്ററില്‍ പുതുവത്സരാശംസയുമായെത്തിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്നതിനിടെ വിദേശയാത്രയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എഎപി പരിഹസിച്ചത്. 

പുതുവര്‍ഷാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റ് ഷെയര്‍ ചെയ്ത് 'താങ്കള്‍ മിലാനില്‍ നിന്ന് മടങ്ങിയെത്തിയോ' എന്നാണ് പരിഹാസം. മുമ്പ് പല സന്ദര്‍ഭങ്ങളിലും രാഹുലിന്റെ വിദേശയാത്രകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ വിദേശയാത്രകളുടെ പേരില്‍ കുറ്റപ്പെടുത്താന്‍ രാഹുലിന് അവകാശമില്ലെന്ന് പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു. 

കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപകദിനാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാതെയുള്ള രാഹുലിന്റെ ഇറ്റലി യാത്രയെ ബി.ജെ.പി. നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ 'ടൂറിസ്റ്റ് പൊളിറ്റീഷ്യനാ'ണെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ഡി കെ അരുണ ജനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി എപ്പോഴാണ് ചിന്തിക്കാനാരംഭിക്കുന്നതെന്നും ചോദിച്ചിരുന്നു. 

എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാണ് രാഹുലിന്റെ ഇറ്റലി യാത്രയ്ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിച്ചിരുന്നു. രാഹുല്‍ മുത്തശ്ശിയെ കാണാനാണ് ഇറ്റലിയിലേക്ക് പോയതെന്നും എല്ലാവര്‍ക്കും സ്വകാര്യ യാത്രകള്‍ നടത്താന്‍ അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. 

ആത്മാഭിമാനത്തിനും ആദരവിനുമായി പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ് തന്റെ മനസ്സെന്നും ഈ പോരാട്ടത്തിനിടെ നഷ്ടപ്പെട്ടവരേയും നമ്മെ സംരക്ഷിക്കുന്നവരേയും നമുക്കായി ത്യാഗം ചെയ്യുന്നവരേയും ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നതായും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പുതുവത്സരാശംസാ ട്വീറ്റ്. 

 

Content Highlights: AAP Trolls Rahul Gandhi's New Year's Wish