ന്യൂഡൽഹി: ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമന്ന് ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 504 സ്ഥാനാർഥികളുടെ പട്ടികയും എഎപി പുറത്തുവിട്ടു.

എഎപി എംഎൽഎയും പാർട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. ഗുജറാത്തിൽ ബിജെപിക്ക് ശക്തമായ ബദൽ ആകാൻ എഎപിക്ക് സാധിക്കുമെന്നും ബിജെപിയെ അധികാരത്തിൽനിന്ന് നീക്കുമെന്നും അവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലുംഎഎപി മത്സരിക്കുമെന്നും അവർ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങൾ ബിജെപിക്ക് ഒരു ബദൽ ആഗ്രഹിക്കുന്നുണ്ട്. ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും രാഷ്ട്രീയമാണ് ബിജെപിയുടേത്. ബിജെപിയെ ഭയക്കാത്ത ഒരു നേതാവുണ്ടെങ്കിൽ അത് അരവിന്ദ് കെജ്രിവാൾ മാത്രമാണ്. ബിജെപിക്ക് ഭയപ്പെടുത്താൻ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടെങ്കിൽ അത് എഎപി മാത്രമാണെന്നും അവർ പറഞ്ഞു.

എഎപിയുടെ സ്ഥാനാർഥികളെക്കുറിച്ച് ജനങ്ങൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കുന്നതിന് പ്രത്യേക ഇ-മെയിൽ വിലാസം ആരംഭിക്കും. അഴിമതി, കുറ്റകൃത്യം, സ്വഭാവദൂഷ്യം- അങ്ങനെ എന്തെങ്കിലും ഉള്ളവരാണ് സ്ഥാനാർഥികളെങ്കിൽ അവരെ മത്സരിപ്പിക്കില്ലെന്നും എഎപി വക്താവ് വ്യക്തമാക്കി.

Content Highlights:AAP To Contest All Seats In Gujarat Local Body Polls