ലഖ്‌നൗ: അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 'യഥാര്‍ഥ ദേശീയത'യും 'രാമരാജ്യ'വും വാഗ്ദാനം ചെയ്ത് കളംപിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി. 2022-ലെ യു.പി. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് എ.എ.പി. തുടക്കം കുറിച്ചു. ഫൈസാബാദില്‍ നടന്ന 'തിരംഗ സങ്കല്‍പ യാത്ര'യില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭ എം.പി. സഞ്ജയ് സിങ്ങുമാണ് റാലി നയിച്ചത്.

സംസ്ഥാനത്തെ ബ്രാഹ്‌മണ സമുദായത്തെ ലക്ഷ്യമാക്കിയാണ് എ.എ.പിയുടെ നീക്കം. യു.പി. ജനസംഖ്യയില്‍ 12 ശതമാനത്തോളം വരുന്ന ബ്രാഹ്‌മണർ നിര്‍ണായക വോട്ടുബാങ്കു കൂടിയാണ്. ഒക്ടോബര്‍ ആദ്യത്തോടെ 'ചാണക്യ സമ്മേളന്‍' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനും എ.എ.പി. ഒരുങ്ങുന്നുണ്ട്. അതേസമയം, ബ്രാഹ്‌മണ സമുദായത്തെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത് എ.എ.പി. മാത്രമല്ല. ബി.ജെ.പിയും ബി.എസ്.പിയും എസ്.പിയും ഇതിനുള്ള ശ്രമത്തിലാണ്.

രാമ ജന്മഭൂമി സന്ദര്‍ശിക്കാനും എ.എ.പിയുടെ വിജയം ആഗ്രഹിക്കുന്ന സംന്യാസിമാരെ കാണാനും തങ്ങള്‍ക്ക് അവസരം ലഭിച്ചതായി സിസോദിയ റാലിക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. യു.പിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എ.എ.പിക്ക് അവസരം ലഭിക്കണമെന്ന് പ്രാര്‍ഥിച്ചെന്നും ഭഗവാന്‍ രാമന്റെ ആദര്‍ശങ്ങള്‍ അനുസരിച്ച് ഭരണം നടത്തുന്ന സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രവും ഹനുമാന്‍ഗഢി ക്ഷേത്രവും ഉള്‍പ്പെടെ അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സിസോദിയയും സഞ്ജയ് സിങ്ങും സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും എ.എ.പി. മത്സരിക്കുമെന്ന് ഈ മാസം ആദ്യം സിങ് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ബി.ജെ.പിയുടെ കപട ദേശീയത തുറന്നുകാണിക്കുമെന്നും തങ്ങളുടെ യഥാര്‍ഥ ദേശീയത പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlights: aap starts formal campaigning in uttar pradesh