ന്യൂഡല്‍ഹി: ഡെങ്കിയും മറ്റു കൊതുകുജന്യ രോഗങ്ങളും പ്രതിരോധിക്കാനായി ബിജെപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച ആരംഭിച്ച മെഗാ കാംപയിന്‍ വെറും രാഷ്ട്രീയ നാടകമെന്ന് ആംആദ്മി പാര്‍ട്ടി(എഎപി). 2022 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ പദ്ധതിയെന്നാണ് എഎപിയുടെ ആരോപണം. എഎപിയുടെ ആരോപണത്തെ തുടര്‍ന്ന് പ്രതികരണവുമായി ബിജെപിയും രംഗത്തെത്തിയതോടെ ഇരു കക്ഷികളും തമ്മിലുള്ള വാക്‌പോര് കടുത്തു. 

കൊതുകുനശീകരണ പരിപാടിയ്ക്കായി വന്‍വില നല്‍കിയാണ് കോര്‍പറേഷന്‍ നശീകരണി വാങ്ങിയത്. മരുന്ന് വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നതായി എഎപി ആരോപിക്കുന്നു. മറ്റു മുന്‍സിപ്പാലിറ്റികള്‍ കിലോയ്ക്ക് 2,500 രൂപ നല്‍കി വാങ്ങിയ കൊതുകു നശീകരണി കിലോയ്ക്ക് 3,256 രൂപയ്ക്കാണ് ഡല്‍ഹി കോര്‍പറേഷന്‍ വാങ്ങിയത്. 750 രൂപ കിലോയ്ക്ക് അധികവില നല്‍കി വാങ്ങിയ നടപടിയെ എഎപിയുടെ മുതിര്‍ന്ന നേതാവ് ദുര്‍ഗേഷ് പഥക് ചോദ്യം ചെയ്തു.  

എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ആദേശ് ഗുപ്ത പ്രതികരിച്ചു. ബിജെപി നേതാക്കളേയും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭാരവാഹികളേയും താറടിച്ചു കാണിക്കാനുള്ള എഎപി ശ്രമമാണിതെന്ന് ആദേശ് ഗുപ്ത കുറ്റപ്പെടുത്തി. ഇരു കക്ഷികളും തമ്മിലുള്ള രാഷ്ട്രീയപോര് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിങ് സൊസൈറ്റീസ്(സിഎസ്ഡിഎസ്)ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അഭിപ്രായപ്പെട്ടു. 

2007 മുതല്‍ മൂന്ന് നഗസഭകളും ഭരിക്കുന്നത് ബിജെപിയാണ്‌. 2022 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങളില്‍ ഒന്നാണ് ഈ പ്രഹസനമെന്ന് എഎപി പറയുന്നു. കഴിഞ്ഞ കൊല്ലം എഎപി നടപ്പിലാക്കിയ സമാന പദ്ധതിയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 10 ആഴ്ച-10 മണി-10 മിനിറ്റ് എന്ന എഎപി പരിപാടി ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെയായിരുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ പരിപാടിയ്ക്ക് പിന്തുണ നല്‍കിയിരുന്നു. 

വെറും പത്തു മിനിറ്റല്ല മുന്‍സിപ്പാലിറ്റികളുടെ പ്രവര്‍ത്തന സമയമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് മുന്‍സിപ്പാലിറ്റികളെന്നും എഎപിയുടെ 2019 കാംപയിനെ ബിജെപി നേതാവും നോര്‍ത്ത് കോര്‍പറേഷന്‍ മേയറുമായ ജയ്പ്രകാശ് പരോക്ഷമായി പരിഹസിച്ചു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ജയ്പ്രകാശ് കൂട്ടിച്ചേര്‍ത്തു. ഡെങ്കിയും ചിക്കുന്‍ഗുനിയയും പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികള്‍ തങ്ങളുടേതായിരുന്നെന്നും എന്നാല്‍ അതിന്റെ കീര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തതായി ജയ്പ്രകാശ് കുറ്റപ്പെടുത്തി.

Content Highlights: AAP says BJP launched mega drive against mosquito-borne diseases drama