ന്യൂഡല്‍ഹി:  എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന് ആം ആദ്മി പാര്‍ട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രകാശ് ജാവഡേക്കറുടെ ട്വീറ്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. 'അക്കാര്യം സമ്മതിക്കുന്നു, അത് നിങ്ങള്‍ പ്രാഗത്ഭ്യം തെളിയിച്ച മേഖലയാണ്' എന്നായിരുന്നു ആം ആദ്മിയുടെ തിരിച്ചടി

ഡല്‍ഹിയിലെ രണ്ടായിരത്തോളം വരുന്ന അനധികൃത കോളനിയിലെ നിവാസികള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രകാശ് ജാവഡേക്കര്‍ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി അരവിന്ദ് കെജ്‌രിവാളിന് സാധിക്കാത്തത് മൂന്നുമാസം കൊണ്ട് മോദി സര്‍ക്കാരിന് സാധിച്ചുവെന്നായിരുന്നു ജാവഡേക്കറുടെ ട്വീറ്റ്.

ഒപ്പം തന്നെ എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയാണ് ആം ആദ്മി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്‌.

കഴിഞ്ഞ മാസമാണ് ഡല്‍ഹിയിലെ ആയിരത്തിലധികം വരുന്ന കോളനികള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്‍കുന്ന ബില്‍ കേന്ദ്രം പാസ്സാക്കിയത്. 40 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 

Content Highlights: AAP's Response to Prakash Javadekar