Photo:ANI
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി. വീണ്ടും അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും ലോകോത്തര വിദ്യാഭ്യാസം തുടങ്ങി പത്ത് വാഗ്ദാനങ്ങളാണ് 'കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ മുന്നോട്ടുവെക്കുന്നത്.
വൃത്തിയുള്ള പരിസ്ഥിതി, യമുന നദി ശുദ്ധീകരണം, ചേരിനിവാസികള്‍ക്ക് വീട് തുടങ്ങിയ വാഗ്ദാനങ്ങളും കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത് തങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികയല്ലെന്നും അതിന് രണ്ടുചുവടു മുന്നേയുള്ളതാണെന്നും ഗ്യാരണ്ടി കാര്‍ഡ് പുറത്തിറക്കവേ കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇവയൊക്കെ. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പത്രിക വരുന്നതേയുള്ളൂ- കേജ്‌രിവാള്‍ പറഞ്ഞു.
ഫെബ്രുവരി 11നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. അധികാരത്തിലെത്തിയാല്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് കുറയ്ക്കുമെന്ന് 2015ലെ തിരഞ്ഞെടുപ്പുവേളയില്‍ ആം ആദ്മി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങള്‍ പാലിച്ചത് ഗുണകരമായിട്ടുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍. അധികാരത്തിലെത്തിയതിനു പിന്നാലെ 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും 20,000 ലിറ്റര്‍ വരെ വെള്ളവും ആം ആദ്മി സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. 70അംഗ നിയമസഭയില്‍ 67 സീറ്റുകള്‍ നേടിയാണ് 2015ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.
content highlights: aap's promises to delhi Kejriwal Ka Guarantee Card revealed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..