ന്യൂഡല്‍ഹി:  അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്ന് ആം ആദ്മി പാര്‍ട്ടി. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്ന് എഎപി ട്വീറ്റ് ചെയ്തു. 

അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ പരിഹാസം. ബില്ലുകള്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജന്തര്‍ മന്തറില്‍ ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസിനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ബില്ലുകള്‍ ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവും അവിടെ ഉണ്ടായിരുന്നു. ബില്‍ പാസാവും എന്ന് ഉറപ്പുണ്ടായിരുന്നിട്ട് പോലും അതിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ് അദ്ദേഹം ചെയ്തത്. ബില്‍ പാസായപ്പോള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു. ഇവര്‍ എന്താ മണ്ടന്‍മാരാണോ- കെജ്രിവാള്‍ ചോദിച്ചു

Content Highlights: AAP's Double Dig at BJP and Congress