ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോടികള്‍ മുടക്കി പത്രപരസ്യം ചെയ്‌തെന്ന ബി.ജെ.പി ആരോപണം നിഷേധിച്ച് എ.എ.പി. അടിസ്ഥാനരഹിതമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്ന് എഎപി ചൂണ്ടിക്കാട്ടി.

രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനവും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കാരണം ജനം വലഞ്ഞപ്പോള്‍ 63.83 കോടി രൂപയാണ് ഡല്‍ഹി സർക്കാർ പരസ്യത്തിനായി വിനിയോഗിച്ചതെന്നായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണം. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഏപ്രില്‍-ജൂണ്‍ മാസത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനാണ് ഈ തുക ചെലവഴിച്ചതെന്നും വിവരാവകാശ രേഖ ഉദ്ധരിച്ച് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് എ.എ.പി പ്രതികരിച്ചു. രണ്ട് മാസത്തെ പരസ്യത്തുകയല്ല അതെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തെ പരസ്യ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശികയാണെന്നും എ.എ.പി വ്യക്തമാക്കുന്നു. ഈ വിഷയത്തെച്ചൊല്ലി ബി.ജെ.പി - എ.എപി. നേതാക്കള്‍ തമ്മില്‍ വാക്‌പോര് ശക്തമായതിനു പിന്നാലെയാണ് വിശദീകരണവുമായി എ.എ.പി രംഗത്തുവന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍, അതിഥിതൊഴിലാളികള്‍ എന്നിവരുടെ വാടക കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Content Highlights: AAP responds to BJP`s allegations baseless in media expenditure