ഭഗവന്ത് മാൻ |ഫോട്ടോ:ANI
ഛത്തീസ്ഗഢ്: ഒരു മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് കേന്ദ്രമന്ത്രി പദവും പണവും വാഗ്ദാനം ചെയ്തതായി ആംആദ്മി പാര്‍ട്ടി സംസ്ഥാനാധ്യക്ഷനും എംപിയുമായ ഭഗവന്ത് മാന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയാണെങ്കില്‍ ആണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കുതിരക്ക ച്ചവടത്തിലൂടെ ബിജെപിക്ക് തന്നെ വാങ്ങാന്‍ കഴിയില്ലെന്നും മാന്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം എഎപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം തള്ളിക്കളഞ്ഞ ബിജെപി പണം വാഗ്ദാനം ചെയ്ത നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഭഗവന്ത് മാനെ വെല്ലുവിളിച്ചു.
'നാല് ദിവസം മുമ്പാണ് തനിക്കൊരു കോള്‍ വന്നത്. മിസ്റ്റര്‍, മാന്‍ ബിജെപിയില്‍ ചേരുന്നതിന് താങ്കള്‍ക്ക് എന്ത് വേണമെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് പണമാണോ ആവശ്യം. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു എംപി മാത്രമായതിനാല്‍ കൂറുമാറ്റ നിരോധന നിയമം താങ്കള്‍ക്ക് ബാധകമാകില്ല. അതുകൊണ്ട് തന്നെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഏത് വകുപ്പാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന് അറിയിക്കണം' ഭഗവന്ത് മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗോവ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്തികള്‍ എല്ലാവരും കണ്ടതാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ചുറ്റിപ്പറ്റിയാണ് ബിജെപിയുടെ രാഷ്ട്രീയ അടിസ്ഥാനമെന്നും മാന്‍ പരിഹസിച്ചു.
'എന്നെ വിളിച്ച നേതാവിനോട് ഞാന്‍ പറഞ്ഞു. ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കമ്മീഷന്‍ അടിസ്ഥാനമാക്കിയല്ല അത്. ഭഗവന്ത് മാനെ നിങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല. നല്ല ശമ്പളമുള്ള ജോലി രാജിവെച്ചിട്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയും ജനങ്ങളും തന്നില്‍ ഏല്‍പിച്ച വിശ്വാസമാണ് ബിജെപി വിലക്ക് വാങ്ങാന്‍ നോക്കിയത്' മാന്‍ പറഞ്ഞു.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഭവന്ത് മാന്റെ ആരോപണമെന്ന് ബിജെപി പഞ്ചാബ് ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ വ്യക്തമാക്കി. അതേസമയം ശരിയായ സമയത്ത് തന്നെ വിളിച്ച ബിജെപി നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്നും മാന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..