ന്യൂഡല്‍ഹി:  ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി, ഇന്ത്യ എഗനിസ്റ്റ് കറപ്ഷന്‍ എന്നീ സംഘടനകള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരു പ്രസ്ഥാനങ്ങളും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിഴല്‍ സംഘടനകളാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

ജനാധിപത്യത്തെ അട്ടിമറിച്ച് യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനകളെ ഉണ്ടാക്കിയതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

എഎപി സ്ഥാപക നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ മുമ്പ് നടത്തിയ പരാമര്‍ശം ഉദ്ധരിച്ചാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യം തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഇപ്പോഴത് എഎപിയിലെ സ്ഥാപകാംഗം തന്നെ സ്ഥിരീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2015 ലാണ് പ്രശാന്ത് ഭൂഷണെ എഎപിയില്‍ നി്ന്ന് പുറത്താക്കിയത്. എഎപിയേപ്പറ്റി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി സംഘപരിവാറിന്റെ സൃഷ്ടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചത്. ഇന്ത്യാ എഗനിസ്റ്റ് കറപ്ഷന്‍ എന്ന സംഘടന ബിജെപിയും ആര്‍എസ്എസും അധികാരത്തിലെത്താനും യുപിഎ സര്‍ക്കാരിനെ താഴെ ഇറക്കാനും വേണ്ടി രൂപംകൊടുത്ത സംഘടനയാണ്.  അണ്ണാ ഹസാരെയയ്ക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നില്ലായിരിക്കാം. പക്ഷെ കെജ്‌രിവാളിന് അറിവുണ്ടായിരുന്നുവെന്ന് താന്‍ സംശയിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. 

Courtesy: Hindustan Times 

Content Highlights: AAP propped by BJP-RSS: Rahul Gandhi